Kerala
പുതുപ്പള്ളി (കോട്ടയം): ജനപ്രതിനിധികളല്ല, ജനങ്ങളാണ് വിഐപികളെന്ന് കരുതിയ ആളായിരുന്നു ഉമ്മന് ചാണ്ടിയെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഉമ്മന് ചാണ്ടിയുടെ മൂന്നാം ചരമവാര്ഷികത്തോടനുബന്ധിച്ച് പുതുപ്പള്ളിയിൽ നടന്ന സ്മൃതിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം ഉമ്മന് ചാണ്ടി നേടിത്തന്നതാണ്. ഉമ്മന് ചാണ്ടിയുടെ കല്ലറയിലെ ദീപം അണയാതെ കാക്കുമെന്നും കെ.സി. വേണുഗോപാല് പറഞ്ഞു.
തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സംസ്കാരമാണ് ഉമ്മന് ചാണ്ടിയെന്ന് അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു.
ശിവഗിരി മഠം താന്ത്രികാചാര്യന് ശിവനാരായണ തീര്ഥ സ്വാമി, യൂഹാനോന് മാര് പോളികാര്പ്പോസ് മെത്രാപ്പോലീത്ത, മന്ത്രിമാരായ മോന്സ് ജോസഫ്, ടി. സിദ്ദിഖ്, എംപിമാരായ ബെന്നി ബഹനാന്, ഫ്രാന്സിസ് ജോര്ജ്, കോണ്ഗ്രസ് നേതാക്കളായ കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എംഎല്എ, നോഹ അല്വോസ്റ്റ ഇന്ഫര്മേഷന് ആന്ഡ് ടെക്നോളജി സിഇഒ സാജന് ലത്തീഫ്, സിഎസ്ഡിഎസ് സംസ്ഥാനപ്രസിഡന്റ് കെ.കെ. സുരേഷ് തുടങ്ങിയവര് പ്രസംഗിച്ചു. ചാണ്ടി ഉമ്മന് എംഎല്എ സ്വാഗതം പറഞ്ഞു.
ഉമ്മന് ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്, മക്കളായ മറിയ ഉമ്മന്, അച്ചു ഉമ്മന് തുടങ്ങിയവര് പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശന് ഉമ്മന് ചാണ്ടിയുടെ കല്ലറയിലെത്തി പൂക്കളര്പ്പിച്ചു.
ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലേക്ക് ഇന്നലെ ജനപ്രവാഹമായിരുന്നു. ആയിരക്കണക്കിനാളുകൾ പ്രിയനേതാവിന്റെ ഓർമകൾ പങ്കിട്ടു വലിയ പള്ളിയിൽ ഇടയശ്രേഷ്ഠന്മാരുടെ കാര്മികത്വത്തില് നടന്ന വിശുദ്ധകുര്ബാനയിലും കല്ലറയില് നടന്ന പ്രത്യേക പ്രാര്ഥനയിലും പങ്കെടുത്തു.
NRI
മിഡ്ലാൻഡ്സ്: ജനകീയനും ജനപ്രിയനുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് യു കെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങൾക്ക് ബാൺസ്ലിയിൽ തുടക്കമായി.
നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം എന്ന തലക്കെട്ടോടെ ഐഓസി (യു കെ) - കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികളോടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. യു കെയിലെ വിവിധ ഭാഗങ്ങളിലായി പത്തോളം ഇടങ്ങളിൽ വച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങൾക്കാണ് വെള്ളിയാഴ്ച ബാൺസ്ലിയിൽ ഔദ്യോഗിക തുടക്കമായത്.
ബാൺസ്ലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകൾക്ക് വിനീത് മാത്യു, അലൻ ഓവിൽ, ജസ്റ്റിൻ ബേബി, വിനീഷ് വിജയകുമാർ, ലിജോ വർഗീസ്, നിതിൻ ഡാനിയേൽ, നിമിഷ ജോസഫ്, ടിന്റു വിനീത് എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപറ, ജനറൽ സെക്രട്ടറി രാജുൽ രമണൻ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. ചടങ്ങിൽ പ്രവർത്തകർ ഒത്തുചേർന്ന് ഉമ്മൻ ചാണ്ടി സ്മൃതി ദീപം തെളിച്ചു.
ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങുകൾ നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അജയ് ജ്യൂവൽ കുര്യാക്കോസ് ചടങ്ങിൽ പങ്കെടുക്കും.
ലിവർപൂൾ യൂണിറ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ നിർവഹിക്കും. ഐഓസി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ ചടങ്ങുകളിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
പ്രസ്റ്റൺ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, ബ്ലാക്ക്പൂൾ, കവൻട്രി, പീറ്റർബോറോ, നോർത്തംപ്റ്റൺ, വുൾഹംപ്റ്റൺ, ആസ്റ്റൺ അണ്ടർ ലൈൻ തുടങ്ങിയ പത്തിടങ്ങളിലാണ് ശനി, ഞായർ ദിവസങ്ങളിലായി ഐ ഓ സിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഈ കേന്ദ്രങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്ക് ബിബിൻ കാലയിൽ, പീറ്റർ പൈനാടത്ത്, ജഗൻ പടച്ചിറ, മിഥുൻ എം, ഡോ. ജോബിൻ സെബാസ്റ്റ്യൻ, റോയ് ജോസഫ്, ജോർജ് ജോൺ, ടോം, ഐപ്പ് കുര്യൻ എന്നിവർ നേതൃത്വം നൽകും.
Kerala
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാധാരണക്കാരെ ചേർത്തുപിടിക്കുകയെന്നത് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോൺ കോളിലോ, അല്ലെങ്കിൽ ഒരു നിവേദനത്തിലോ ഉമ്മൻ ചാണ്ടി എന്ന നേതാവ് തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
വി.ഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഉമ്മന് ചാണ്ടിയെന്ന ജനനായകന് യാത്രയായിട്ട് മൂന്ന് വർഷം. ആള്ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന് ചാണ്ടി, അതേ ആള്ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്ന് വർഷം മുൻപ് പുതുപ്പള്ളി ഹൗസില് നിന്ന് ദര്ബാര് ഹാളും ഇന്ദിരാഭവനും കടന്ന് ഉമ്മന് ചാണ്ടി സാർ തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് മടങ്ങി. ജനലക്ഷങ്ങളുടെ സങ്കടക്കടൽ പിന്നിട്ട് ഞാനും സഹപ്രവർത്തകർക്കൊപ്പം അദ്ദേഹത്തെ അനുഗമിച്ചു.
ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിന്റെ അല്ലെങ്കിൽ ഒരു നിവേദനത്തിന്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ല. പക്ഷെ സാധാരണക്കാരെ ചേർത്ത് പിടിക്കുകയെന്നത് ഓരോ പൊതുപ്രവര്ത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി സാർ നമ്മളെ പഠിപ്പിച്ചത്.
ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണ്. ഓർമകൾക്ക് മുന്നിൽ പ്രണാമം.
NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നു.
"ഓർമകളിൽ ഉമ്മൻ ചാണ്ടി' എന്ന തലക്കെട്ടിൽ ശനിയാഴ്ച യൂറോപ്പ് സമയം വൈകുന്നേരം 6.30ന് (യു കെ, അയർലൻഡ് സമയം വൈകുന്നേരം 5.30, ഇന്ത്യൻ സമയം രാത്രി 10.00) ഓൺലൈനായി (സൂം) സംഘടിപ്പിക്കുന്ന അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, വീക്ഷണം എംഡി അഡ്വ. ജെയ്സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് പോളിസി വിഭാഗം തലവനുനായ ജെ.എസ്. അടൂർ,
ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ, മലപ്പുറം ഡിസിസി അധ്യക്ഷൻ വി.എസ്. ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. ജിന്റോ ജോൺ, ഡോ. സോയ ജോസഫ്, ഐഒവി ഗ്ലോബൽ കോഓർഡിനേറ്റർ അനുരാ മത്തായി, ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിരോഷ് ജോർജ് തുടങ്ങിയവർ അനുസ്മരണ പരിപാടിയുടെ ഭാഗമാകും.
കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ പങ്കെടുക്കുന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ജർമനി, യുകെ, അയർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ഐഒസി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഐഒസി - യൂറോപ്പിന്റെ നേതൃത്വത്തിൽ വലിയ ജനപങ്കാളിത്തത്തോടെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഏവരെയും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കൺവീനറും ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ്, പ്രോഗ്രാം കോഓർഡിനേറ്റർ റോമി കുര്യാക്കോസ് എന്നിവർ അറിയിച്ചു.
സൂം: https://uni-bonn.zoom-x.de/j/61064676500?pwd=Z57iKBF8nE5OQvz7rIs9KNO5xqCz1a.1
മീറ്റിംഗ് ഐഡി: 610 6467 6500, പാസ്കോഡ്: INCIOC.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി ജോസഫ്: +49 1523 6924999, റോമി കുര്യാക്കോസ്: +44 7776646163.
Leader Page
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി ഓർമയായിട്ട് രണ്ടു വർഷം തികയുന്നു. പക്ഷേ ആ വിയോഗം അംഗീകരിക്കാൻ കേരളത്തിലെ കോണ്ഗ്രസ് പ്രവർത്തകർ ഇന്നും തയാറായിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ കബറിടത്തിലേക്ക് ഒരു തീർഥാടനകേന്ദ്രം പോലെ ഇന്നും ജനങ്ങൾ ഒഴുകിയെത്തുന്നത്. ഒരാളുടെ ഭൗതികമായ അസാന്നിധ്യത്തിലും അയാളുടെ ആത്മീയ സാന്നിധ്യം സ്ഫുരിക്കുന്ന വേറൊരു കല്ലറ കേരളത്തിലെ മറ്റൊരു രാഷ്ട്രീയ നേതാവിന്റെ പേരിലും അടയാളപ്പെടുത്തിയിട്ടില്ല, ഇന്നോളം.
ജീവിച്ചിരിക്കുന്പോൾ അദ്ദേഹത്തെ കാണാൻ ഓരോ ദിവസവും ആയിരക്കണക്കിനാളുകൾ എത്തുമായിരുന്നു. എവിടെയാണോ ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നത് അവിടെയെല്ലാം എപ്പോഴും വലിയ ആൾക്കൂട്ടമായിരുന്നു. ആൾക്കൂട്ടത്തിനിടയിലല്ലാതെ ഉമ്മൻ ചാണ്ടിയെ കാണാൻ കഴിയുമായിരുന്നില്ല. വ്യത്യസ്ത വിഷയങ്ങളുമായിട്ടായിരുന്നു അവരെല്ലാം ഉമ്മൻ ചാണ്ടിയെ കാണാനെത്തിയത്. അതിനെല്ലാം അദ്ദേഹത്തിന് ഒരു സൊലൂഷനുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയെ കണ്ടാൽ ഏതു പ്രശ്നത്തിനും പരിഹാരം ഉറപ്പായിരുന്നു. ഈ വിശ്വാസമാണ് അദ്ദേഹത്തിനു ചുറ്റും സദാ ആൾക്കൂട്ടത്തെ സൃഷ്ടിച്ചത്.
പല സന്ദർഭങ്ങളിലും ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും ഏകമനസോടെ പാർട്ടി താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ രണ്ടുപേരും ബദ്ധശ്രദ്ധരായിരുന്നു. അഭിപ്രായങ്ങളിലായിരുന്നു ഭിന്നത. ചർച്ചകളിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും അതു മറികടക്കാൻ ഞങ്ങൾക്കായി.
ഞാൻ കെപിസിസി പ്രസിഡന്റും അദ്ദേഹം മുഖ്യമന്ത്രിയുമായിരുന്ന കാലഘട്ടത്തിൽ പാർട്ടിയും സർക്കാരും തമ്മിലുണ്ടായിരുന്ന ഒരു കെമിസ്ട്രി, സംസ്ഥാന വികസനത്തിന്റെയും സമാധാനത്തിന്റെയും പാർട്ടി ഭരണ അച്ചടക്കത്തിന്റെയും സുവർണകാലമെന്നു വിശേഷിപ്പിക്കാം. പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ഭരണത്തിനും മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം പാർട്ടിക്കും നൽകിയ പിന്തുണ അനിതരസാധാരണമായിരുന്നു.
പാർട്ടി പ്രവർത്തകർക്കു മാത്രമല്ല, മറ്റുള്ളവർക്കും ഒരു പ്രശ്നമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ അതിനു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്ന ആളായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിയുടെ വിയോഗം അതുകൊണ്ടു തന്നെ കേരളീയ പൊതു സമൂഹത്തിന് തീരാനഷ്ടം തന്നെയാണ്. രണ്ടല്ല, ഇനിയങ്ങോട്ട് എത്ര വർഷം കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഓർമ വിശാലമായ പച്ചത്തുരുത്തായി ജനങ്ങളുടെ മുന്നിൽ തളിരിട്ടു നിൽക്കും. ഇത്രമാത്രം കാരുണ്യവും ആർദ്രതയും കരുതലുമുള്ള ഒരു നേതാവ് കോണ്ഗ്രസ് പാർട്ടിയുടെ തന്നെ താങ്ങും തണലുമായിരുന്നു എന്നും. അദ്ദേഹത്തിന്റെ വേർപാട് വരുത്തിയ ശൂന്യതയിൽ ദുഃഖിക്കുന്ന ജനലക്ഷങ്ങൾക്കൊപ്പം എന്റെയും സ്മരണാഞ്ജലി!